അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിൽ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ സംയുക്ത സേന തുടരുകയാണ്. മിലിട്ടറി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെ തുടർന്നാണ് സൈനികരെ കാണാതായത്. കരസേന, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നീ സുരക്ഷാ സേനകൾ സംയുക്തമായി ദിബാങ് വാലി മേഖലയിൽ വ്യാപക രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിലും സമാന്തരമായി നടക്കുന്നുണ്ട്. നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു.
