
കൊച്ചി: വീട്ടിലേക്കുള്ള നടപ്പുവഴി പെട്ടെന്ന് മതിൽ കെട്ടി അടച്ചതോടെ സ്വന്തം വീട്ടിലേക്ക് കയറാനാകാതെ വലഞ്ഞ കുടുംബത്തിന് ഒടുവിൽ ആശ്വാസം. പൊന്നുരുന്നിക്ക് സമീപം ചക്കരപ്പറമ്പിൽ സന്ധ്യയും കുടുംബവും ഏകദേശം മൂന്ന് വർഷമായി ഉപയോഗിച്ചിരുന്ന നടവഴിയാണ് അയൽവാസി സ്വന്തം സ്ഥലമാണെന്നും കോടതിവിധിയുണ്ടെന്നും അവകാശപ്പെട്ട് അടച്ചത്. സൊസൈറ്റി വായ്പയിലാണ് സ്ഥലം വാങ്ങിയതെന്നും വീട്ടിലേക്കുള്ള വഴി കൃത്യമായി രേഖപ്പെടുത്തിയ ആധാരം തങ്ങളുടെ കൈവശമുണ്ടെന്നും സന്ധ്യയും കുടുംബവും പറയുന്നു.
സന്ധ്യ ജോലിക്കും മകൻ സ്കൂളിലേക്കും പോയ സമയത്താണ് നടപ്പാതയിൽ ‘സ്നേഹമതിൽ’ ഉയർന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്ധ്യയ്ക്ക് വീട്ടിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയായി. പാലക്കാട് പെയിന്റിങ് തൊഴിലാളിയായ ഭർത്താവും മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയായ മകളും ഉൾപ്പെടുന്ന കുടുംബം കനത്ത മഴയിലും ബുദ്ധിമുട്ടി. ബുധനാഴ്ച രാത്രി വാർഡ് കൗൺസിലർ ബിന്ദു വിജുവും പാലാരിവട്ടം പൊലീസും ഇടപെട്ട് അയൽവാസിയുടെ പറമ്പിലൂടെ താൽക്കാലികമായി വീട്ടിലെത്താൻ സൗകര്യമൊരുക്കിയെങ്കിലും, വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങാൻ മറ്റ് വഴിയില്ലാത്തതിനാൽ സ്വന്തം വീടിന്റെയും തൊട്ടടുത്ത വീടിന്റെയും ടെറസുകൾ താണ്ടിയാണ് സന്ധ്യയ്ക്ക് പുറത്തേക്ക് പോകാനായത്.
പാലാരിവട്ടം പൊലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും കോടതി ഉത്തരവുണ്ടെന്നതിനാൽ നിയമപരമായ വഴിയിലൂടെ പരിഹാരം തേടാനായിരുന്നു നിർദേശം. ഇതിനിടെയാണ് വീട്ടിലേക്ക് കയറാനാകാതെ കുടുംബം വലയുന്ന വിവരം അറിഞ്ഞ് കൗൺസിലർ ബിന്ദു വിജു, മുൻ കൗൺസിലർമാർ, നാട്ടുകാർ എന്നിവർക്കൊപ്പം ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചശേഷം വഴിക്ക് തടസമായി സ്ഥാപിച്ചിരുന്ന താൽക്കാലിക മതിൽ എംഎൽഎയുടെ നേതൃത്വത്തിൽ പൊക്കിമാറ്റി വീട്ടിലേക്കുള്ള വഴി തുറന്നുകൊടുത്തു.
മനുഷ്യരുടെ അടിസ്ഥാനപരമായ നടപ്പവകാശം തടയുന്നത് വലിയ മര്യാദകേടാണെന്ന് ഉമ തോമസ് പറഞ്ഞു. വഴിയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ വീട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കാമായിരുന്നുവെന്നും, സന്ധ്യ ജോലിക്ക് പോയ സമയം നോക്കി വഴി അടച്ചത് ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ ഇനി എന്ത് നിയമനടപടികൾ നേരിടേണ്ടിവന്നാലും അത് താൻ നോക്കിക്കൊള്ളുമെന്നും ജനങ്ങളുടെ നടപ്പവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധയാണെന്നും ഉമ തോമസ് പറഞ്ഞു.
