കുട്ടിക്കാലത്ത് താൻ നേരിടേണ്ടി വന്ന കടുത്ത ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മീര വാസുദേവൻ. തന്റെ ഏഴാമത്തെ വയസ്സിൽ ട്യൂഷൻ അധ്യാപകനിൽ നിന്നാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായതെന്നും വർഷങ്ങളോളം ഇത് തുടർന്നുവെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
“തമിഴ് പഠിപ്പിക്കാനായി മുത്തശ്ശിയുടെ ശുപാർശയിൽ വീട്ടിലെത്തിയ അധ്യാപകനാണ് എന്നെ ഉപദ്രവിച്ചത്. തമിഴിൽ ഞാൻ അല്പം പിന്നിലായിരുന്നു. വീട്ടിൽ ആരും അറിയാതെയായിരുന്നു അയാളിത് ചെയ്തത്. അവിടെ പഠിക്കാൻ വന്നിരുന്ന മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും അയാൾ ഇത്തരത്തിൽ ചൂഷണം ചെയ്തിരുന്നു. അക്കാലത്ത് ലൈംഗിക വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മീര വാസുദേവൻ പറഞ്ഞു.
ഭീഷണിപ്പെടുത്തലുകൾക്ക് വഴങ്ങിയാണ് വർഷങ്ങളോളം ഈ വിവരം പുറത്തു പറയാതിരുന്നതെന്ന് മീര വ്യക്തമാക്കുന്നു. താൻ മോശം പെൺകുട്ടിയാണെന്ന് അച്ഛനോടും അമ്മയോടും സ്കൂളിലെ അധ്യാപകരോടും പറയുമെന്നും, അതറിഞ്ഞാൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പതിനേഴ് വയസ്സ് വരെ ഈ ദുരനുഭവം തുടരേണ്ടി വന്നതായും അത് മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് ഈ അധ്യാപകൻ തന്റെ സഹോദരിയെയും പഠിപ്പിക്കാമെന്ന് ഏറ്റപ്പോൾ താൻ ശക്തമായി എതിർത്തതായും മീര വാസുദേവൻ വെളിപ്പെടുത്തി.
ലൈംഗിക അതിക്രമം നേരിട്ട വ്യക്തികളുടെ ശരീരഭാഷ തന്നെ മാറിപ്പോകുമെന്നും മീര നിരീക്ഷിക്കുന്നു. അക്രമികൾ ഇത്തരം ഇരകളെ എളുപ്പത്തിൽ തിരിച്ചറിയും. മുൻപ് മോശം അനുഭവങ്ങൾ ഇല്ലാത്തവർ പെട്ടെന്ന് പ്രതികരിക്കുമ്പോൾ, അതിക്രമം നേരിട്ടവർ പേടി കാരണം കീഴടങ്ങുന്ന അവസ്ഥയിലാകും. അക്രമികൾ ഇത് മുതലെടുക്കുമെന്നും ഇതിൽ നിന്നാണ് കുട്ടികൾ പുറത്തുകടക്കേണ്ടതെന്നും മീര വാസുദേവൻ അഭിമുഖത്തിൽ വ്യക്തമാക്കി.
