Home » Blog » kerala Max » അബുദാബിയിലെ വ്യാവസായ മേഖലയിൽ കനത്ത തീപിടിത്തം; ആകാശത്തേക്ക് ഉയർന്നുപൊങ്ങിയത് കറുത്ത പുകയുടെ വലിയ പാളികൾ
images (15)

അബുദാബി: അബുദാബിയിലെ പ്രമുഖ വ്യവസായ മേഖലയായ അൽ മുസഫ ഐക്കാഡ് 3-ൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായി. സെപ്റ്റംബർ 8-ന് ഉച്ചയോടെയാണ് സംഭവം. അന്തരീക്ഷത്തിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് വലിയ ആശങ്ക പരത്തി. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസും സിവില്‍ ഡിഫൻസ് അതോറിറ്റിയും അതിവേഗം സ്ഥലത്തെത്തി നടത്തിയ ശക്തമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.

 

തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഫാക്ടറിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തി വരികയാണ്. തീപിടിത്തത്തിനുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ സ്വീകരിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം അൽ ബഹിയ പ്രദേശത്തെ ഫാമിലുണ്ടായ തീപിടിത്തവും സിവില്‍ ഡിഫൻസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് അന്ന് ഒഴിവായത്. ചുരുങ്ങിയ ദിവസത്തിനിടെയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യു.എ.ഇയിലെ വ്യവസായ, വാണിജ്യ മേഖലകളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഓർമ്മിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *