Home » Blog » kerala Mex » അപകടങ്ങൾ തുടർക്കഥയാകുന്നു; സുരക്ഷാ വിവാദത്തിൽ ഷവോമി ഇലക്ട്രിക് കാറുകൾ
xiaomi-680x450

വൈദ്യുത വാഹന വിപണിയിൽ വലിയ വിപ്ലവം സൃഷ്ടിച്ച് കടന്നുവന്ന ഷവോമി, തങ്ങളുടെ കാറുകൾ തുടർച്ചയായി അപകടങ്ങളിൽപ്പെടുന്നത് സംബന്ധിച്ച സുരക്ഷാ വിവാദങ്ങളിൽ പ്രതിരോധത്തിലാകുന്നു. വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, പരിഹാര നടപടിയായി ഒരു പ്രത്യേക ഉപദേശക സമിതി രൂപീകരിക്കാൻ ഷവോമി തീരുമാനിച്ചു. വാഹന ഉടമകൾ, മാധ്യമപ്രവർത്തകർ, സുരക്ഷാ വിദഗ്ധർ എന്നിവരുമായി ചേർന്ന് വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സുരക്ഷാ കൂട്ടായ്മയുടെ ആദ്യ യോഗം ഈ വർഷം പകുതിയോടെ നടക്കുമെന്ന് ഷവോമി ഇവി സുരക്ഷാ വിഭാഗം മേധാവി ഹൂ ജിംഗ്ലെയ് വ്യക്തമാക്കി.

ഷവോമിയുടെ പ്രീമിയം സെഡാനായ SU7-നെ ചുറ്റിപ്പറ്റിയാണ് നിലവിൽ വലിയ വിവാദങ്ങൾ ഉയരുന്നത്. ഒക്ടോബറിൽ നടന്ന ഒരു അപകടത്തിൽ വാഹനം ഷോർട്ട് സർക്യൂട്ട് ആകുകയും ഡോറുകൾ ജാം ആയതിനെത്തുടർന്ന് ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിയാതെ തീപ്പൊള്ളലേറ്റ് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഡോർ ഹാൻഡിലുകളുടെ നിർമ്മാണ പിഴവാണ് ഇതിന് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഒന്നാം തലമുറ SU7 കാറുകൾ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുപുറമെ, അസിസ്റ്റ് ഡ്രൈവിംഗ് മോഡിൽ സഞ്ചരിക്കവേയുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതും ഷവോമിക്ക് വലിയ തിരിച്ചടിയായി. ഈ പ്രശ്നം പരിഹരിക്കാനായി ഒരു ലക്ഷത്തിലധികം കാറുകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകാൻ കമ്പനി നിർബന്ധിതരായി.

നിലവിൽ 3,500 പേരടങ്ങുന്ന വിപുലമായ സുരക്ഷാ സംഘം ഷവോമിക്കൊപ്പമുണ്ടെങ്കിലും പുതിയ അപകടങ്ങൾ വാഹനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. സുരക്ഷാ പിഴവുകൾ പരിഹരിക്കാനായി ഡോറുകൾക്ക് പ്രത്യേക ബാക്ക് അപ്പ് പവർ സപ്ലൈ നൽകുന്ന പരിഷ്കരിച്ച മോഡലുകൾ ഏപ്രിൽ മാസത്തോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. ടെസ്‌ല മോഡൽ 3-യുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ഷവോമി SU7, ഇതുവരെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് കമ്പനിക്ക് വലിയ വെല്ലുവിളിയായിരിക്കും