Home » Blog » kerala Max » അധികാരത്തിൽ എത്തിയിട്ട് ആറുമാസം; യു.ഡി.എഫ് യോഗം ചേരുന്നില്ല! ബോർഡ് നിയമനങ്ങൾ അനിശ്ചിതത്വത്തിൽ
S-680x450

ആലപ്പുഴ: യു.ഡി.എഫ് സർക്കാർ ഭരണത്തിന്റെ ആറാം മാസത്തിലേക്ക് കടന്നിട്ടും വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ഭാരവാഹികളെ നിയമിക്കാനായില്ല. മുന്നണിയോഗം ചേരാത്തതും ഘടകകക്ഷികൾ നൽകിയ പട്ടികകളിൽ തീരുമാനമെടുക്കാത്തതുമാണ് നിയമനങ്ങൾ വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതിഷേധവും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.

ഭരണം ലഭിച്ചതിനുശേഷം ഇതുവരെ ഒരുതവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നത്. അന്ന് വിവിധ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിൽ ഘടകകക്ഷികൾക്ക് താൽപര്യമുള്ളവരുടെ പട്ടിക നൽകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കക്ഷികൾ പട്ടിക കൈമാറുകയും ഡി.സി.സി പ്രസിഡന്റുമാർ മുഖേന അവ കെ.പി.സി.സിക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ മുന്നണിയോഗം വീണ്ടും ചേരാത്തതിനാൽ പട്ടികകൾ പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

യു.ഡി.എഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈയെടുക്കുന്നില്ലെന്ന് അടൂർ പ്രകാശ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുന്നണിയിലെ നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച് എ.ഐ.സി.സിക്ക് പരാതിയും നൽകിയിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനം എം.കെ. മുനീറിന് നൽകിയതും വിവിധ അക്കാദമികളിലെ ഭാരവാഹികളെ നിശ്ചയിച്ചതും തന്നെ അറിയിക്കാതെയാണെന്നതും അടൂർ പ്രകാശിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രധാന നേതാക്കൾ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പ്രത്യേകമായി മുന്നണിയോഗം വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എന്നാണ് സൂചന. അതേസമയം, അക്കാദമികളിലും മറ്റ് സ്ഥാപനങ്ങളിലും ചെയർമാൻ, സെക്രട്ടറി നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്. നിർവാഹകസമിതികളിലേക്കും ജനറൽ കൗൺസിലുകളിലേക്കുമുള്ള അംഗങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. മുന്നണിക്കുള്ളിലെ ചർച്ചകൾ വൈകുന്നത് ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ ഇനിയും നീളുമെന്ന ആശങ്കയ്ക്കും വഴിയൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *