Home » Blog » Kerala » ​”അത് അടച്ചാൽ പിന്നെ അകത്തേക്ക് പ്രവേശനമില്ല”; ധോണിയെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ച് രഹാനെ
f30r497k_ajinkya-rahane-ms-dhoni-afp_625x300_06_August_26

മൈതാനത്ത് മാത്രമല്ല കളത്തിന് പുറത്തും മാതൃകാപരമായ പെരുമാറ്റത്തിലൂടെ എക്കാലത്തും ശ്രദ്ധേയനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി. പ്രത്യേകിച്ച് യുവതാരങ്ങൾക്ക് എപ്പോഴും അനായാസം സമീപിക്കാൻ കഴിയുന്ന നായകനായിരുന്നു അദ്ദേഹം. ടൂർണമെന്റുകളും പരമ്പരകളും നടക്കുന്ന വേളയിലെ ധോണിയുടെ രീതികളെക്കുറിച്ച് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അജിങ്ക്യ രഹാനെ വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.

 

മറ്റെല്ലാവരെയും പോലെ വളരെ ശാന്തനായ ഒരു സാധാരണ മനുഷ്യനാണ് ധോണിയെന്ന് രഹാനെ പറയുന്നു. ‘സ്റ്റിക്കി ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലാണ് രഹാനെ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പരമ്പരകൾ നടക്കുന്ന സമയത്ത് താരങ്ങളുടെ ഒത്തുചേരലുകൾക്കായി ധോണിയുടെ മുറിയുടെ വാതിൽ എല്ലാവർക്കും എപ്പോഴും തുറന്നുകിടന്നിരുന്നു. പലപ്പോഴും ടീമിലെ പത്തോ പതിനഞ്ചോ പേരോ അല്ലെങ്കിൽ മുഴുവൻ അംഗങ്ങളും അദ്ദേഹത്തിന്റെ മുറിയിലുണ്ടാകും. എന്നാൽ മുറിയുടെ വാതിൽ അടച്ചാൽ പിന്നെ ആർക്കും അവിടെ പ്രവേശനമുണ്ടായിരുന്നില്ലെന്നും രഹാനെ ഓർമ്മിച്ചു. ധോണിയുടെ കീഴിലാണ് രഹാനെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറിയത്. പിന്നീട് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്.

 

തന്റെ കരിയറിലെ ചില വ്യക്തിപരമായ ശീലങ്ങളെക്കുറിച്ചും രഹാനെ സംസാരിച്ചു. പരമ്പരകൾ നടക്കുമ്പോൾ താൻ സോഷ്യൽ മീഡിയ ആപ്പുകളെല്ലാം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരും തനിക്ക് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെങ്കിലും മാനസിക ഏകാഗ്രതയ്ക്കായി താൻ സ്വയം കണ്ടെത്തിയ വഴിയാണിത്. 2017-ൽ ഐപിഎല്ലിൽ ഒരുമിച്ച് കളിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് ബെൻ സ്റ്റോക്സ് തനിക്ക് നൽകിയ ഉപദേശവും രഹാനെ അനുസ്മരിച്ചു. ഇത്തരം ദിനചര്യകൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചശേഷം ഇന്ത്യൻ ടീമിനെ വിജയപാതയിൽ നയിക്കുന്നതിൽ വിരാട് കോഹ്‌ലിയും അന്നത്തെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും നടത്തിയ നിർണ്ണായക ഇടപെടലുകളെയും രഹാനെ പ്രശംസിച്ചു. ധോണിയുടെ വിരമിക്കലിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ, വിശിഷ്യാ വിദേശ സാഹചര്യങ്ങളിൽ ശക്തമായ ഒരു യൂണിറ്റാക്കി മാറ്റിയെഴുതിയത് കോലിയും ശാസ്ത്രിയുമാണ്. പ്രതിരോധ ക്രിക്കറ്റിന് പകരം ആക്രമണോത്സുകമായ മാനസികാവസ്ഥയാണ് ടീമിൽ അവർ വളർത്തിയെടുത്തതെന്നും രഹാനെ പറഞ്ഞു.