2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് ജസ്പ്രീത് ബുംറയെയല്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാകാൻ പോകുന്നത് യുവതാരങ്ങളായ അഭിഷേക് ശർമ്മയും വരുൺ ചക്രവർത്തിയുമാണെന്ന് അശ്വിൻ പ്രവചിച്ചു.
മറ്റ് ടീമുകൾക്ക് ബുംറയെ മാത്രമല്ല നേരിടേണ്ടി വരികയെന്നും, അഭിഷേകിനും വരുണിനും വേണ്ടി അവർ ഇതിനോടകം പ്രത്യേക പദ്ധതികൾ തയ്യാറാക്കി തുടങ്ങിയിട്ടാകുമെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
“ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഏതെങ്കിലും ടീം ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ട് പേരെ കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. കുറച്ചുമുൻപ് എന്നോട് ചോദിക്കുകയാണെങ്കിൽ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്യുകയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ പറഞ്ഞേനെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല,” അശ്വിൻ പറഞ്ഞു. ടിം ഡേവിഡ് വരുൺ ചക്രവർത്തിയെ നേരിടാൻ ശ്രമിക്കുന്നത് താൻ കണ്ടെന്നും, അതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ എതിർടീമുകൾ ഈ രണ്ട് താരങ്ങളെ എങ്ങനെ നേരിടാമെന്ന് പഠിക്കുന്നുണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയ്ക്കെതിരെ സമാപിച്ച ടി20 പരമ്പര വിശകലനം ചെയ്യുമ്പോഴാണ് അശ്വിൻ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ആ പരമ്പരയിൽ അഭിഷേകും വരുണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പവർപ്ലേയിൽ തകർപ്പൻ ബാറ്റിംഗ് നടത്തുന്ന അഭിഷേക് ശർമ്മയുടെ അപകടകരമായ പ്രകടനം, മറ്റു ടീമുകളെ അവരുടെ ബൗളിങ് പരീക്ഷണങ്ങൾ അടിമുടി മാറ്റാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. അതേസമയം, മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തിയുടെ ‘മിസ്റ്ററി’ ബൗളിങ് എതിരാളികൾക്ക് സ്ഥിരമായി തലവേദന സൃഷ്ടിക്കാറുണ്ട്.
