
ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് മമിത ബൈജു. മലയാളത്തിലും തമിഴിലുമായി തുടരെത്തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്ന താരം ഇപ്പോൾ ഹാട്രിക് ഇരുനൂറുകോടി ചിത്രങ്ങളുടെ ഭാഗമായി സമാനതകളില്ലാത്ത കുതിപ്പിലാണ്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇരുനൂറുകോടി ക്ലബ്ബും കടന്ന് മുന്നേറുകയാണ്.
തമിഴിൽ വിജയ്ക്കും സൂര്യയ്ക്കുമൊപ്പം അഭിനയിച്ച ചിത്രങ്ങളും വലിയ വിജയമായി മാറി. ‘പ്രേമലു’വിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ മമിത, ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ പ്രിയങ്കരിയായി മാറിയത്. ഇന്ന് സൗത്ത് ഇന്ത്യയാകെ ലക്ഷക്കണക്കിന് ആരാധകരുള്ള നായികയാണ് മമിത ബൈജു.
ഇതിനിടയിൽ, ‘പ്രേമലു’വിന്റെ റിലീസിന് മുൻപ് മമിത നൽകിയ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതിനെക്കുറിച്ചായിരുന്നു താരം അന്ന് സംസാരിച്ചത്.
”എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. അപ്പോൾ ഞാൻ കുറച്ചു പതറി. ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് ആളെ നന്നായി അറിയാമായിരുന്നല്ലോ. നിലവിലുള്ള പോലെത്തന്നെ സൗഹൃദവുമായി മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് ‘നീ എനിക്ക് ടൈം തരണം’ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ അസ്വസ്ഥയായി. ആ ബെസ്റ്റ് ഫ്രണ്ട് മോഡ് മാറാൻ തുടങ്ങിയത് എനിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നു. അങ്ങനെ ഞാൻ ആ പ്രണയാഭ്യർത്ഥന വേണ്ടെന്ന് വെച്ചു. പക്ഷെ, അത് കഴിഞ്ഞ് വെറും രണ്ട് മാസത്തിനകം അവൻ അടുത്ത ആളെ സെറ്റാക്കി” എന്നാണ് ചിരിച്ചുകൊണ്ട് മമിത പറഞ്ഞത്.
അതേസമയം, തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ബോക്സ് ഓഫീസ് വിലയിരുത്തൽ. നിവിൻ പോളി നായകനായ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇതിനോടകം തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. സംഗീത് പ്രതാപിനൊപ്പം അഭിനയിക്കുന്ന ‘ഹലോ ഡിയർ’ ആണ് മമിതയുടെ അടുത്ത മലയാള ചിത്രം. കൂടാതെ തമിഴിൽ ‘ഇരണ്ടു വാനം’, പ്രദീപ് രംഗനാഥൻ നിർമിക്കുന്ന പുതിയ ചിത്രം തുടങ്ങി നിരവധി വൻകിട പ്രോജക്റ്റുകളും താരത്തിന്റേതായി അണിയറയിലുണ്ട്.
