
കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിലേക്ക് നടന്ന പ്രതിഷേധ പ്രക്ഷോഭത്തിനിടെ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ് എംഎൽഎ. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇന്ത്യയുടെ മുക്കും മൂലയും ജന്തർമന്ദറായി മാറുമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം എ ബേബിയും പിണറായി വിജയനുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ജന്തർ മന്ദറിലേക്ക് റാലി നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളെ പോലീസ് തടഞ്ഞത്. നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ നേതാക്കളെ ഒന്നടങ്കം പോലീസ് വാഹനങ്ങളിലേക്ക് കയറ്റുകയായിരുന്നു. പോലീസിന്റെ തടങ്കൽ നടപടിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
രാജ്യത്ത് നടക്കുന്നത് വൻ ജനാധിപത്യ ധ്വംസനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെയും അവരുടെ അവകാശങ്ങളെയും തട്ടിയെടുക്കാൻ ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുകയാണെന്നും ഭരണകൂടത്തിന്റെ ഈ അടിച്ചമർത്തൽ നടപടികൾക്ക് മുന്നിൽ പണിമുടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പോലീസ് രാജ്യമല്ല മറിച്ച് ജനാധിപത്യ രാജ്യമാണെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ വോട്ടവകാശം കവരുന്ന നടപടികൾക്കെതിരെ നടത്തുന്ന ഈ സമരം ഇന്ന് അവസാനിക്കില്ല. സിജെപി നടത്തുന്ന ന്യായമായ സമരത്തിന് പിന്തുണ നൽകേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
