മുംബൈ: പൂനെയിലെ ഭോറിൽ പിഞ്ചുബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലിക്കെതിരെ കുടുംബം പരസ്യമായി രംഗത്ത്. പ്രതിക്ക് തൂക്കുകയർ പോരെന്നും, കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തുവെച്ച് അയാളെ ചുട്ടുകൊല്ലണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അയാൾ തന്റെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിയെ പിതാവ് എന്ന് വിളിക്കാൻ പോലും ലജ്ജിക്കുന്നുവെന്നാണ് മകൻ പ്രതികരിച്ചത്. ആ കുഞ്ഞ് എങ്ങനെയാണോ കൊല്ലപ്പെട്ടത്, അതേ രീതിയിലുള്ള ശിക്ഷ തന്നെ അയാൾക്കും നൽകണമെന്ന് മകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി ഭീംറാവുവുമായി കുടുംബത്തിന് യാതൊരു ബന്ധവുമില്ല. സംഭവത്തിന് പിന്നാലെ സമൂഹത്തിൽ നിന്ന് വലിയ രീതിയിലുള്ള അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പ്രതിയെ തള്ളിപ്പറഞ്ഞുകൊണ്ട് കുടുംബം പരസ്യമായി രംഗത്തെത്തിയത്.
നാല് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ഭീംറാവു കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ഉറച്ച നിലപാടിലാണ് ഇയാളുടെ ഭാര്യയും മകനും.
