Home » Blog » Kerala » അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി; കർശന മാനദണ്ഡങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
images - 2026-08-24T202956.742

തിരുവനന്തപുരം: തെരുവുനായ ശല്യത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, അക്രമകാരികളും മാരകരോഗം ബാധിച്ചവരുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. എന്നാൽ, തോന്നിയപോലെ നായ്ക്കളെ കൊല്ലാനാകില്ല. ആരെ ദയാവധത്തിന് പരിഗണിക്കണം, എങ്ങനെ നടപടി സ്വീകരിക്കണം, ആരാണ് തീരുമാനമെടുക്കേണ്ടത് തുടങ്ങി കർശന മാനദണ്ഡങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസാണ് ഉത്തരവിറക്കിയത്. തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

ചികിത്സ നൽകിയിട്ടും ഭേദമാക്കാൻ കഴിയാത്തതും കടുത്ത വേദന അനുഭവിക്കുന്നതുമായ മാരകരോഗമുള്ള നായ്ക്കൾ, പേവിഷബാധ സ്ഥിരീകരിക്കപ്പെട്ടവയോ ശക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവയോ, ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലാത്തവിധം ഗുരുതരമായി പരിക്കേറ്റവ, യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ കടിച്ചുകീറി പൊതുസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാകുന്നവ എന്നിവരെയാണ് ദയാവധത്തിന് പരിഗണിക്കുക. നടപടി ഏകോപിപ്പിക്കാൻ തദ്ദേശ സ്ഥാപനതലത്തിൽ സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കണം. ഏഴംഗ സമിതിയിൽ അഞ്ച് പേർ പങ്കെടുത്താൽ കോറം തികയും. തദ്ദേശ സ്ഥാപന അധ്യക്ഷൻ സമിതി തലവനും സെക്രട്ടറി കൺവീനറുമായിരിക്കും. വാർഡ് കൗൺസിലർ, വെറ്ററിനറി ഓഫീസർ, എബിസി കേന്ദ്രത്തിലെ പ്രോജക്ട് ഇൻ-ചാർജ്, മെഡിക്കൽ ഓഫീസർ, സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ.

 

സമിതിയുടെ രേഖാമൂലമുള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ദയാവധം നടത്താവൂ. യോഗ്യതയുള്ള വെറ്ററിനറി സർജന് മാത്രമാണ് നടപടിക്ക് അനുമതി. സോഡിയം പെന്റോബാർബിറ്റൽ അല്ലെങ്കിൽ തയോപെന്റാൽ സോഡിയം മാത്രമേ ഞരമ്പിലൂടെ കുത്തിവെക്കാൻ പാടുള്ളൂ. വേദനയുണ്ടാക്കുന്ന മറ്റ് രാസവസ്തുക്കളോ യാന്ത്രിക മാർഗങ്ങളോ ഉപയോഗിക്കരുത്. മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ കാഴ്ചയിലോ നടപടിയെടുക്കാനും പാടില്ല. മരണം വെറ്ററിനറി സർജൻ ക്ലിനിക്കലായി സ്ഥിരീകരിച്ച ശേഷമേ സംസ്‌കരിക്കാവൂ. ഇതിനായി പ്രത്യേക രജിസ്റ്ററിൽ നായയെ പിടികൂടിയ സ്ഥലം, ഫോട്ടോ അല്ലെങ്കിൽ ഐഡന്റിഫിക്കേഷൻ ടാഗ്, ദയാവധത്തിന് കാരണമായ വ്യക്തമായ കാരണം എന്നിവ രേഖപ്പെടുത്തുകയും സർജനും സമിതി അംഗങ്ങളും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം.

 

അതേസമയം, ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളെ ഉടൻ കൊല്ലാനും പാടില്ല. രണ്ട് മുതൽ മൂന്ന് ദിവസം വരെ ഐസൊലേഷൻ കെന്നലിലോ എബിസി കേന്ദ്രത്തിലോ നിരീക്ഷണത്തിൽ വയ്ക്കണം. ഈ കാലയളവിൽ അംഗീകൃത മൃഗസംഘടനകൾക്കോ മൃഗസ്‌നേഹികൾക്കോ ദത്തെടുക്കാം. ദത്തെടുത്താൽ തുടർന്നുള്ള മുഴുവൻ പരിപാലന ചുമതലയും അവർക്കായിരിക്കും. ദയാവധവുമായി ബന്ധപ്പെട്ട ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കണക്കുകൾ സംസ്ഥാന എബിസി ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രതിമാസ ഓഡിറ്റിന് വിധേയമാക്കുകയും വേണം. സുപ്രീം കോടതി ഉത്തരവുകൾ സത്യസന്ധമായും ഔദ്യോഗിക ചുമതലയുടെ ഭാഗമായും നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് കോടതി സംരക്ഷണം നൽകിയിട്ടുണ്ടെങ്കിലും, ദുരുദ്ദേശം, ഗുരുതര അധികാരദുരുപയോഗം, കോടതി ഉത്തരവിന് വിരുദ്ധമായ നടപടി എന്നിവ തെളിഞ്ഞാൽ ഈ സംരക്ഷണം ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *