Home » Blog » Kerala » ‘ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’; ഭീഷണിപ്പെടുത്തി ട്രംപ്
1

വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്ഥിച്ചും ഭീഷണിപ്പെടുത്തിയും തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.

റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ – ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം’ ട്രംപ് പറഞ്ഞു. ചൈനയും പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫിൽ നിന്നുള്ള എണ്ണയുടെ ഒഴുക്കിനെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.