
ഹൃദ്യം പദ്ധതിയുമായി സഹകരിച്ച് കിംസ്ഹെൽത്ത് നടപ്പാക്കുന്ന കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതി തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് നിർവഹിക്കുന്നു. ചടങ്ങിൽ (ഇടത്തുനിന്ന്) പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണൻ, കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീൻ എന്നിവർ.
തിരുവനന്തപുരം : സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഹൃദ്യം’ പദ്ധതിയുടെ ഭാഗമായി കിംസ്ഹെൽത്ത്. 18 വയസ്സുവരെയുള്ള കുട്ടികളിൽ ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾക്ക് പരിശോധന, ശസ്ത്രക്രിയ, തുടർന്നുള്ള പരിചരണം എന്നിവ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കിംസ്ഹെൽത്തിൽ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കും.
ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച ‘ഹാർട്ട് ടു ഹാർട്ട്’ പരിപാടിയുടേയും ഹൃദ്യം പദ്ധതി പങ്കാളിത്തത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് നിർവഹിച്ചു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ചടങ്ങിൽ അധ്യക്ഷനായി.
കുട്ടികളിലെ ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ ഇന്നും ഗൗരവമേറിയ ആരോഗ്യപ്രശ്നമായി തുടരുകയാണ്. കൃത്യസമയത്തുള്ള രോഗനിർണ്ണയവും ചികിത്സയും അവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും, ആരോഗ്യ സംരക്ഷണ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഭൂരിഭാഗം ഹൃദ്രോഗങ്ങളും വിജയകരമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമെന്നും ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഹൃദ്യം പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ അർഹരായ എല്ലാ കുട്ടികൾക്കും കിംസ്ഹെൽത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആരോഗ്യരംഗത്തെ അവബോധം വർധിക്കുന്നതിനൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങളിലേക്കുള്ള ലഭ്യതയും വർധിച്ചുവരികയാണ്. മികവുറ്റ ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിലൂടെ തിരുവനന്തപുരം ആരോഗ്യപരിചരണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്ന പ്രധാന നഗരമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു,” ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. വി.വി. രാജേഷ് പറഞ്ഞു.
കിംസ്ഹെൽത്ത് സംഘടിപ്പിച്ച ‘2000 ഇ.സി.ജി ഡ്രൈവ്’ പരിപാടിയിൽ പങ്കെടുത്ത സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു. ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണത്തെക്കുറിച്ചും ഊന്നൽ നൽകുന്നതായിരുന്നു ഈ പദ്ധതി. ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ സംഘടിപ്പിച്ച വാക്കത്തോൺ ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ് സ്വാഗതം പറഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ധീൻ ഹൃദയ ദിന സന്ദേശം നൽകി. പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൽട്ടൻറ് ഡോക്ടർ സൗമ്യ രമണൻ നന്ദി രേഖപ്പെടുത്തി.
