ഇൻസ്റ്റഗ്രാമിൽ റീച്ച് കിട്ടാനായി പല മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. അതിനായി പുതിയ വഴികൾ കണ്ടുപിടിക്കാറുണ്ട്. റീച്ച് കിട്ടാനായി ഹാഷ്ടാഗുകളാണ് സാധാരണയായി നൽകുന്നത്. എന്നാൽ ഇനി ഹാഷ്ടാഗുകൾ കൊണ്ട് കാര്യമില്ല.
മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം കഴിഞ്ഞ ദിവസം കണ്ടെൻറ് സെർച്ചിംഗ് സംബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ ഹാഷ്ടാഗുകളുടെ എണ്ണം കമ്പനി ഇപ്പോൾ പരിമിതപ്പെടുത്താൻ പോവുകയാണ്. ഹാഷ്ടാഗ് ദുരുപയോഗം തടയുന്നതിനും കൂടുതൽ ചിന്താപൂർവ്വം ടാഗുകൾ തിരഞ്ഞെടുക്കാൻ കണ്ടൻറ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ആദ്യം റീലുകളിലും പോസ്റ്റുകളിലും 30 ഹാഷ്ടാഗുകൾ വരെ കൊടുക്കാമായിരുന്നു. എന്നാൽ ഇപ്പോൾ വെറും അഞ്ചെണ്ണം മാത്രമാണ് കൊടുക്കാൻ സാധിക്കുക. 2011 മുതൽ ഹാഷ്ടാഗുകൾ ഇൻസ്റ്റഗ്രാമിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ നിരവധി ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതിനുപകരം, കൃത്യവും പരിമിതവുമായ ടാഗുകൾ മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മെറ്റ പറയുന്നു.
പ്ലാറ്റ്ഫോമിലെ സ്പാം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റഗ്രാം ഈ മാറ്റം കൊണ്ടുവരുന്നത്. പോസ്റ്റുകളിൽ അമിതമായി ഹാഷ്ടാഗുകൾ ഉൾപ്പെടുത്തുന്നത് അൽഗോരിതത്തിന് ഉള്ളടക്കത്തെ ശരിയായി തിരിച്ചറിയുന്നതിൽ തടസ്സമുണ്ടാക്കുന്നു. അതിനാൽ, പരിമിതവും കൃത്യവുമായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത് പോസ്റ്റുകളുടെ റീച്ച് വർദ്ധിപ്പിക്കാനും അനുയോജ്യമായ പ്രേക്ഷകരിലേക്ക് എത്തിക്കാനും സഹായിക്കും. ഉള്ളടക്കങ്ങൾ കൂടുതൽ സുതാര്യമായി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളുടെ റീച്ച് വർദ്ധിപ്പിക്കുന്നതിൽ ഹാഷ്ടാഗുകൾക്ക് ഇനി വലിയ പങ്കില്ലെന്ന് കമ്പനി മേധാവി ആദം മൊസേരി വ്യക്തമാക്കി. ഉള്ളടക്കത്തിന്റെ റീച്ച് നിശ്ചയിക്കുന്ന പ്രധാന ഘടകമായി ഹാഷ്ടാഗുകളെ ഇനി കണക്കാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാറ്റ്ഫോമിലെ ദൃശ്യപരത വർദ്ധിപ്പിക്കാൻ ഹാഷ്ടാഗുകളെ മാത്രം ആശ്രയിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
