Home » Top News » kerala Mex » സൽപ്പേരും പ്രതിച്ഛായയും നഷ്ടപ്പെടുത്തും വഞ്ചനാക്കേസ് റദ്ദാക്കണം; ബോംബെ ഹൈക്കോടതിയിൽ ഹർജിയുമായി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും
25aeb6325fb07582f7e93e7eb2fc7154e3bf4861cf10af177c022f4f206fd8c6.0

വഞ്ചനാക്കുറ്റം സംബന്ധിച്ച എഫ്‌ഐആറും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരായ 60 കോടി രൂപയുടെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരദമ്പതികൾ അഭിഭാഷകൻ പ്രശാന്ത് പി പാട്ടീൽ മുഖേന ഹർജി സമർപ്പിച്ചത്. പ്രതികാരം ചെയ്യാനും ഭീമമായ ഒരു തുക തട്ടിയെടുക്കാനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നാണ് താരങ്ങൾ ഹർജിയിൽ ആരോപിക്കുന്നത്.

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേർന്ന് 2014 ഡിസംബർ 18-നാണ് ‘ബെസ്റ്റ് ഡീൽ ടീവി’ എന്ന കമ്പനി സ്ഥാപിച്ചത്. ടെലിവിഷൻ ചാനൽ വഴി സാധനങ്ങൾ വിൽക്കുന്ന കമ്പനിയായിരുന്നു ഇത്. 2015-ൽ ഓഹരി ഉടമയായ രാജേഷ് ആര്യ വഴിയാണ് പരാതിക്കാരനായ ദീപക് കോത്താരി കമ്പനിയുമായി ബന്ധപ്പെടുന്നത്. സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഓഹരി കമ്പനിയിൽ നിക്ഷേപിക്കാമെന്ന് കോത്താരി സമ്മതിച്ചതായും പിന്നീട് കമ്പനിയിൽ അദ്ദേഹത്തിന്റെ ഓഹരി വർധിച്ചു വന്നതായും ഹർജിയിൽ പറയുന്നു.

സ്ഥാപനത്തിലെ പരസ്യത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾ ഉയർന്നതായിരുന്നു. ഈ ചെലവുകളെല്ലാം ബോർഡ്, ഷെയർഹോൾഡർ യോഗങ്ങളിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. യോഗങ്ങളിൽ എല്ലാം മിനിറ്റ്‌സ് രേഖപ്പെടുത്തുകയും പങ്കെടുത്ത ഡയറക്ടർമാരും ഓഹരിയുടമകളും ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. കോത്താരിയുടെ മകൻ ഉദയ് കോത്താരിയെ ഡയറക്ടറായി നിയമിച്ചിരുന്നതിനാൽ കമ്പനിയുടെ കാര്യങ്ങൾ കൃത്യമായി അറിയാമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയിൽ ലാഭമുണ്ടായി തുടങ്ങിയ ഘട്ടത്തിലാണ് 2016-ൽ നോട്ട് നിരോധനം നിലവിൽ വന്നത്. ക്യാഷ് ഓൺ ഡെലിവറിയെ ആശ്രയിച്ച ബിസിനസിനെ ഇത് പ്രതികൂലമായി ബാധിച്ചു. തുടർന്നുണ്ടായ പണത്തിന്റെ ക്ഷാമം കമ്പനിയിലെ ഓരോരുത്തരെയും ബാധിച്ചു. തങ്ങൾക്കും കാര്യമായ നഷ്ടമുണ്ടായെന്നും നിക്ഷേപങ്ങൾ നഷ്ടപ്പെട്ടുവെന്നും ദമ്പതികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും കോത്താരിയും കുടുംബവും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദമ്പതിമാർ ആരോപിച്ചു. കമ്പനി നിർത്തി ഏകദേശം 10 വർഷങ്ങൾ കഴിയുമ്പോൾ ആരോപണവുമായി മുന്നോട്ട് വരുന്നത് സൽപ്പേരും പ്രതിച്ഛായയും നഷ്ടപ്പെടുത്താനാണെന്ന വാദമാണ് താരങ്ങൾ കോടതിയിൽ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *