Home » Blog » Kerala » സൗദി അറേബ്യയുടെ താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രത നിർദ്ദേശം
5

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നു. അൽ ജൗഫ്, റിയാദ്, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വിവിധ പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മക്ക, മദീന അൽ ബഹ, അസീർ, ജിസാൻ, നജ്റാൻ, ഹാഇൽ, തബൂക്ക് തുടങ്ങിയ പ്രവിശ്യകളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത്. ഈ പ്രദേശങ്ങളിൽ കാഴ്ച പരിധി കുറയുന്നതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണം.

ചെങ്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ബാബ് അൽ മന്ദബ് കടലിടുക്ക് ഭാഗത്ത് കാറ്റ് കൂടുതൽ ശക്തമാകും. സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.