വിമാനത്താവളത്തിൽ വെച്ച് പാപ്പരാസികൾ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കർ. സഹോദരൻ അർജുൻ ടെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കും വിമാനത്താവളത്തിലെത്തിയപ്പോൾ പാപ്പരാസികൾ മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതാണ് സാറയെ ചൊടിപ്പിച്ചത്.
ഈ സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ ആളെ മെൻഷൻ ചെയ്തുകൊണ്ട് സാറ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രൂക്ഷമായി പ്രതികരിച്ചു. “ഇതൊന്നും മാധ്യമപ്രവർത്തനമല്ല, തീർത്തും അറപ്പുണ്ടാക്കുന്ന സമീപനമാണ്. ഞങ്ങളെ വെറുതെ വിടണം,” സാറ കുറിച്ചു. താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വിമർശനം നീക്കം ചെയ്താലും അവർക്കെതിരെയുള്ള തന്റെ വെറുപ്പ് അവസാനിക്കില്ലെന്നും സാറ വ്യക്തമാക്കി. 9.7 മില്യൺ ഫോളോവേഴ്സ് ഉള്ള സാറയുടെ പ്രതികരണം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ അംബാസഡറും മോഡലുമായ സാറ, സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടർ കൂടിയാണ്. ലണ്ടനിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് സാറ മോഡലിങ് രംഗത്ത് സജീവമായത്.
