Home » Blog » Kerala » സ്വകാര്യ ബസുകൾക്കും ബജറ്റിൽ കൈത്താങ്ങ്; പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്
2

തിരുവനന്തപുരം: കെഎസ്ആർടിസിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിലൂടെ സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ബജറ്റിൽ കൈത്താങ്ങ്. പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അതുപോലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾക്കും സമാന രീതിയിൽ ഇളവ് പ്രഖ്യാപിച്ചു.

ഡീസൽ വില വർധനവിലും പ്രിയദർശനി സൗജന്യ യാത്രയും മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കാൻ ബജറ്റിലെ ഈ നികുതി ഇളവിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേജ് ക്യാരേജ് ബസുകൾക്ക് നൽകിയ ഇളവുകൾക്ക് പുറമെ, കേരളത്തിലേക്ക് രജിസ്‌ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരം ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപ എന്നത് 900 രൂപയായും സ്ലീപ്പർ ബർത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ ട്രെയിലർ വാഹനങ്ങളുടെ നികുതി നിരക്കിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.