കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് സുപ്രീം കോടതി തടഞ്ഞു. നിയമത്തിലെയും ചട്ടത്തിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. കേസ് വീണ്ടും പരിഗണിക്കുന്ന 2026 ഫെബ്രുവരി 3 വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്.
നിയമപ്രകാരമുള്ള റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാമെന്ന് ഹർജിക്കാരായ അസോസിയേഷൻ കോടതിയിൽ ഉറപ്പുനൽകി. ഈ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രികൾക്കെതിരെയുള്ള കർശന നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്. അസോസിയേഷന് പുറമെ ഹുസൈൻ കോയ തങ്ങളും വിഷയത്തിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടിസ് അയച്ചു.
ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും, പ്രദർശിപ്പിക്കണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ചോദ്യം ചെയ്ത് നേരത്തെ ഹൈക്കോടതിയിൽ ഹർജികൾ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഈ ഹർജികൾ തള്ളുകയും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെയാണ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം കോടതി ഈ കേസിൽ തേടിയിട്ടുണ്ട്.
അസോസിയേഷനു വേണ്ടി ഗോപാൽ ശങ്കരനാരായണൻ, പി.എസ്. സുൽഫിക്കർ എന്നിവരാണ് കോടതിയിൽ ഹാജരായത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചികിത്സാ സൗകര്യങ്ങളെ ബാധിക്കുമെന്നാണ് അസോസിയേഷന്റെ വാദം. ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറുപടി ഈ വിഷയത്തിൽ നിർണ്ണായകമാകും.
