പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ 40 ലക്ഷം രൂപയുടെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര സ്വദേശിയെ കബളിപ്പിച്ചെന്നാണ് പരാതി. സാംഗ്ലി സ്വദേശിയായ നടനും നിർമ്മാതാവുമായ വിഗ്യാൻ മാനെ നൽകിയ പരാതിയിൽ സാംഗ്ലി പോലീസ് അന്വേഷണം ആരംഭിച്ചു.
തന്റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒടിടി റിലീസിന് ശേഷം 12 ലക്ഷം രൂപ ലാഭവും ചിത്രത്തിൽ വേഷവും നൽകാമെന്ന് പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിഗ്യാൻ മാനെ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 40 ലക്ഷം രൂപ പലാഷ് കൈപ്പറ്റിയെങ്കിലും സിനിമ പൂർത്തിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹനിശ്ചയം മുടങ്ങിയത് പലാഷിനെ സംബന്ധിച്ച് അടുത്തകാലത്തുണ്ടായ വലിയ വിവാദമായിരുന്നു. സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാൽ വിവാഹം മാറ്റിവെക്കുന്നു എന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും പിന്നീട് ഇവർ പൂർണ്ണമായും വേർപിരിയുകയായിരുന്നു. പലാഷിന്റെ ചില വ്യക്തിപരമായ ബന്ധങ്ങളാണ് സ്മൃതിയുമായുള്ള വിവാഹം മുടങ്ങാൻ കാരണമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോൾ വഞ്ചനാക്കുറ്റവും ഗായകനെ തേടിയെത്തുന്നത്. കേസിനെക്കുറിച്ച് പലാഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
