
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ സ്പായില്‍ എത്തിവരും കുടുങ്ങുമെന്നാണ് വിവരം. ജൂലായ് മുതല്‍ സ്പായില്‍ എത്തിയ സന്ദര്‍ശകരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്ളവരുമായി പതിനാറുകാരിക്കൊപ്പം പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും. പെണ്‍കുട്ടി തിരിച്ചറിഞ്ഞാല്‍ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കും. പെണ്‍കുട്ടിയെ എത്തിച്ച സ്പാകളിലെ രജിസ്റ്ററുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേസമയം പ്രതികളുടെ അക്കൗണ്ടില്‍ പ്രതിദിനം 1000 മുതല്‍ 5000 രൂപവരെ എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാസങ്ങള്‍ കൊണ്ട് പ്രതികള്‍ നടത്തിയത് ലക്ഷങ്ങളുടെ ഇടപാടാണ്. ആവശ്യക്കാരെ സ്പായില്‍ എത്തിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 1000 രൂപ വരെയാണ് ലഭിച്ചിരുന്നതെന്നും വിവരമുണ്ട്.
കേസില്‍ പ്രതികളെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരുന്നു. പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഇവരുടെ ഭര്‍ത്താവിനെയുമാണ് റിമാര്‍ഡ് ചെയ്തത്. രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി, അമ്മയുടെ അനിയത്തിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഇവര്‍ പെണ്‍കുട്ടിയെ പണം വാങ്ങി വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്ക്കാന് ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ആര് നിശാന്തിനിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്
