നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി തുറന്നുസമ്മതിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ പാർട്ടി ആഴത്തിലുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും, ഇത് സംബന്ധിച്ച കൃത്യമായ രൂപരേഖ കേരളത്തിൽ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ചകൾ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, വ്യക്തികൾ ചേർന്ന പാർട്ടിക്ക് മൊത്തത്തിലും ഓരോ പാർട്ടി അംഗത്തിനും പല തലങ്ങളിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും എം.എ. ബേബി മറുപടി നൽകി. മറ്റു പാർട്ടികളെ അപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പൊതുജനം കൂടുതൽ ധാർമ്മികത ആവശ്യപ്പെടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിവാഹം കഴിഞ്ഞാൽ എല്ലാവർക്കും പങ്കാളികൾ ഉണ്ടാകുമെന്നും ആ ബന്ധത്തിന്റെ പേരിൽ അവർ അറിയപ്പെടുക സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചവർക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമില്ലെന്നും മാധ്യമങ്ങളിൽ വന്ന മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ബേബി വ്യക്തമാക്കി.
