Home » Blog » Kerala » സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വിള്ളൽ; കൂട്ടരാജി
CONGRESS-1-680x450 (1)

കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സജി ജോസഫ് പ്രഖ്യാപിച്ചു.

കുട്ടനാട് സീറ്റ് വിറ്റുവെന്ന് സജി ജോസഫ് ആരോപിച്ചു. സാമ്പത്തിക ശക്തികൾക്ക് മുന്നിൽ കുട്ടനാടിനെ ബലി കൊടുത്തുവെന്നും കുട്ടനാട്ടുകാരനായ സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം നേതൃത്വം അവഗണിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സജി ജോസഫിനൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു. ഇവരുടെ രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറി.

വേദനയോടെയാണ് ഈ തീരുമാനമെടുത്തത്. പ്രസ്ഥാനത്തെയോ നേതാക്കളെയോ കുറ്റം പറയുന്നില്ല, പക്ഷേ കുട്ടനാടിനെ വിൽപ്പനച്ചരക്കാക്കാൻ അനുവദിക്കില്ല. ഇത് കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സജി ജോസഫ് പറഞ്ഞു. നാളെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.