കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കം. ഇന്ന് വൈകിട്ട് 4.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസ്സത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുൽ ഉള്ളത്. രാഹുലിന് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആകും കോഴിക്കോട്ടെ മഹാറാലിയിൽ പങ്കെടുക്കുക എന്നാണ് വിവരം.
മഹാറാലിയിൽ പ്രവര്‍ത്തകരെ മല്ലികാർജുൻ ഖർഗെ അഭിസംബോധന ചെയ്യും. വൈകിട്ട് കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഗ്യാരണ്ടി കാര്‍ഡ്’ രാഹുല്‍ ഗാന്ധി അവതരിപ്പിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. രാഹുലിന്റെ യാത്ര മാറ്റിവച്ച സാഹചര്യത്തിൽ ഖർഗെയാകും ഗ്യാരന്റി കാർഡ് പുറത്തിറക്കുക. ജനകീയ ക്ഷേമപദ്ധതികളും വികസന വാഗ്ദാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കാര്‍ഡ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. കോഴിക്കോട്ടെ പരിപാടിയുടെ ഭാഗമായി ഇന്ദിര ഗ്യാരന്റി എന്ന പേരിൽ അവതരിപ്പിക്കുന്ന പ്രചാരണ ബസിന്റെ ഫ്ലാഗ് ഓഫും ഖർഗെ നിർവഹിക്കും. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് കോഴിക്കോട് നഗരത്തിലും വിമാനത്താവള പരിസരത്തും ഒരുക്കിയിട്ടുള്ളത്.
മഹാറാലി കണക്കിലെടുത്ത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കോഴിക്കോട് കടപ്പുറത്തേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. ഒരാൾ മാത്രം സഞ്ചരിക്കുന്ന നാലു ചക്രവാഹനങ്ങൾ പരമാവധി നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്ത് പാർക്ക് ചെയ്യണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ്, വയനാട് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചു.
