292215264420c80237908858c49937c591aafc92ad541a1c490149e05294d442.0

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ഒക്ടോബർ 31 ന് തിയേറ്ററുകളിലെത്തിയ ‘ലക്കി ഭാസ്‌കർ’ ഒരു വർഷം തികയ്ക്കുകയാണ്. ബഹളങ്ങളില്ലാത്ത അവതരണശൈലിയുമായി വന്ന്, ബോക്‌സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

1980-90 കാലഘട്ടത്തിലെ കഥ പറഞ്ഞ ഈ പീരിയഡ് ഡ്രാമ ത്രില്ലറിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. തെലുങ്കിൽ ‘ലക്കി ഭാസ്‌കറി’ൻ്റെ വിജയത്തോടെ ദുൽഖർ സൽമാൻ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററാണ് സ്വന്തമാക്കിയത്. മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിൽ 100 കോടി നേടുന്ന നടൻ എന്ന വിശേഷണവും ഈ ചിത്രത്തിലൂടെ ദുൽഖറിന് ലഭിച്ചു.

ചിത്രത്തിൻ്റെ വിജയം തുടരുകയാണ്. 2024-ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിൽ ‘ലക്കി ഭാസ്‌കറി’ന് ദുൽഖറിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകൾ ലഭിച്ചിരുന്നു. മീനാക്ഷി ചൗധരി നായികയായ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ്.

അതിനിടെ, ‘ലക്കി ഭാസ്‌കറി’ൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് സംവിധായകൻ വെങ്കി അട്‌ലൂരി അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നിലവിൽ സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിതാര എൻ്റർടൈൻമെൻ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *