ഇന്ത്യൻ വിപണിയിൽ വൻ ജനപ്രീതിയുള്ള സുസുക്കി ഫ്രോങ്ക്സിന് അന്താരാഷ്ട്ര സുരക്ഷാ പരിശോധനയിൽ കനത്ത തിരിച്ചടി. ഓസ്ട്രേലിയൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ANCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ വെറും ഒരു സ്റ്റാർ റേറ്റിംഗ് മാത്രമാണ് ഇന്ത്യൻ നിർമ്മിത ഫ്രോങ്ക്സ് നേടിയത്. ജപ്പാനിലും (4-സ്റ്റാർ) ആസിയാൻ വിപണിയിലും (5-സ്റ്റാർ) മികച്ച റേറ്റിംഗ് നേരത്തെ നേടിയ വാഹനത്തിന് ഓസ്ട്രേലിയയിൽ ഇത്രയും കുറഞ്ഞ സ്കോർ ലഭിച്ചത് വാഹന ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പിൻ സീറ്റിലെ സീറ്റ് ബെൽറ്റ് സംവിധാനത്തിനുണ്ടായ ഗുരുതരമായ പരാജയമാണ് സ്കോർ കുത്തനെ താഴാൻ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
പരിശോധനയിൽ മുതിർന്നവരുടെ സുരക്ഷയിൽ 48 ശതമാനവും കുട്ടികളുടെ സുരക്ഷയിൽ 40 ശതമാനവും മാത്രമാണ് കാറിന് നേടാനായത്. ഫുൾ-ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിനിടെ പിൻ സീറ്റിലെ ബെൽറ്റ് പെട്ടെന്ന് അയഞ്ഞുപോവുകയും യാത്രക്കാർ മുൻ സീറ്റിലിടിച്ച് തലയ്ക്കും നെഞ്ചിനും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുള്ളതായും കണ്ടെത്തി. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും ഫ്രോങ്ക്സ് ഏറെ പിന്നിലാണ്. പിൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകളുടെ അഭാവം മൂലം ക്രാഷ് ടെസ്റ്റിനിടെ കുട്ടികളുടെ ഡമ്മികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന്, പ്രശ്നം പരിഹരിക്കുന്നത് വരെ കാറിന്റെ പിൻ സീറ്റുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എഎൻസിഎപി മുന്നറിയിപ്പ് നൽകി.
സുരക്ഷാ സഹായ സവിശേഷതകളിൽ 55 ശതമാനവും കാൽനടയാത്രക്കാരുടെ സുരക്ഷയിൽ 65 ശതമാനവും സ്കോർ ചെയ്യാൻ ഫ്രോങ്ക്സിന് സാധിച്ചിട്ടുണ്ട്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വാഹനത്തിലുണ്ടെങ്കിലും ഹെഡ്-ഓൺ എയർബാഗുകളുടെയും ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റത്തിന്റെയും അഭാവം തിരിച്ചടിയായി. ഇന്ത്യയിൽ നിർമ്മിച്ച് ഓസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും കയറ്റുമതി ചെയ്യുന്ന 2025 മാർച്ചിന് ശേഷമുള്ള യൂണിറ്റുകൾക്ക് ഈ റേറ്റിംഗ് ബാധകമായിരിക്കും. എയർബാഗുകൾക്കും എഡിഎഎസിനും (ADAS) പുറമെ ശക്തമായ ബോഡിയും വിശ്വസനീയമായ സീറ്റ് ബെൽറ്റ് സംവിധാനവും സുരക്ഷയിൽ അത്യന്താപേക്ഷിതമാണെന്ന് ഈ പരിശോധനാ ഫലം വീണ്ടും അടിവരയിടുന്നു.
