Home » Blog » Kerala » സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി; ബിംസ്റ്റെക് മേഖലയിൽ ഭീകരർക്ക് താവളമൊരുക്കരുതെന്ന് അമിത് ഷാ
Amit-Shah-680x450 (1)

ഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യ പിന്തുടരുന്നത് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവാദം, ഭീകരവാദ ഫണ്ടിംഗ്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുമായി ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന പ്രഥമ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ ഉൾക്കടൽ തീരത്തുള്ള ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.

 

‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ആശയത്തിലൂന്നിയാണ് രാജ്യത്തിന്റെ നയതന്ത്ര നീക്കങ്ങളെന്ന് അമിത് ഷാ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സമാധാനത്തോടും മനുഷ്യരാശിയുടെ ക്ഷേമത്തോടും എന്നും ഇന്ത്യ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഒരു രാജ്യത്തെയും ആക്രമിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ ശ്രമിച്ചിട്ടില്ല. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും അതിർത്തി സുരക്ഷയെയും മാനിച്ചുകൊണ്ട് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബിംസ്റ്റെക് രാജ്യങ്ങളിൽ ഭീകരവാദ സംഘങ്ങൾ താവളമടിക്കാനോ, ഭീകരർക്ക് പരിശീലനം നൽകാനോ, സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കാനോ സാധിക്കാത്ത വിധം ശക്തമായ പ്രതിരോധ സംവിധാനം രൂപീകരിക്കണം. ഒരു അംഗരാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ മറ്റ് രാജ്യങ്ങൾക്കും സംരക്ഷണം നൽകുന്നു എന്ന വിശ്വാസമാണ് ഈ കൂട്ടായ്മയുടെ കരുത്ത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പരസ്പര നിയമസഹായവും കുറ്റവാളികളെ കൈമാറുന്ന കരാറുകളും ശക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.

 

ലഹരി കടത്ത് തടയുന്നതിൽ ഒരു രാജ്യം ഒറ്റയ്ക്ക് നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്നും മുഴുവൻ രാജ്യങ്ങളും ഒന്നിച്ചുനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ലഹരിക്കടത്തിലൂടെ സമാഹരിക്കുന്ന തുക സംഘടിത കുറ്റകൃത്യങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഡാർക്ക് വെബ് പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ ഭീഷണി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *