താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി അടച്ച യൂണിറ്റ്, പോലീസ് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസ് സംരക്ഷണം ആവശ്യപ്പെടും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഡയറക്ടർമാരുടെ യോഗത്തിന് ശേഷം ഉണ്ടാകുമെന്നും ഫ്രഷ്‌കട്ട് ജനറൽ മാനേജർ യൂജിൻ ജോൺസൺ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പ്ലാന്റ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ എന്നിവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശനമായ ഏഴിന ഉപാധികളാണ് കളക്ടർ മുന്നോട്ട് വെച്ചത്.
പുതിയ ഉപാധികൾ പ്രകാരം, പ്ലാൻ്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുർഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവയ്ക്കും. കൂടാതെ, പഴകിയ അറവ് മാലിന്യങ്ങൾ പൂർണ്ണമായി ഒഴിവാക്കി പുതിയ മാലിന്യങ്ങൾ മാത്രം സംസ്‌ക്കരിക്കുകയും മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് കൈമാറുകയും ചെയ്യണം.
മലിനജല സംസ്‌കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം ഉറപ്പുവരുത്താൻ ആഴ്ചയിലൊരിക്കൽ എൻഐടിയിൽ പരിശോധന നടത്തും. ദുർഗന്ധം ഒഴിവാക്കാൻ പഠനം നടത്തി നടപടികൾ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. അതേസമയം, പ്ലാൻ്റിനെതിരെ സമരം ചെയ്ത സമരസമിതി ഇന്ന് മുതൽ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് വ്യക്തമാക്കി. പ്ലാൻ്റ് അടച്ചുപൂട്ടുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
