Home » Blog » Kerala » സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ.എസ്. ശബരീനാഥൻ
images (80)

വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടത്തണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് കൗൺസിലർ കെ.എസ് ശബരീനാഥൻ. സുഗതനെതിരെയുള്ള കാപ്പാ കേസ് കോടതി എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി ഏത് സാഹചര്യത്തിലായാലും സത്യപ്രതിജ്ഞ ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമായതു കൊണ്ട് മാത്രമാണ് കോടതി ഈ അസാധാരണ അനുമതി നൽകിയത്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നാട്ടിൽ കാലുകുത്താൻ കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടും ഭരണസമിതിക്ക് വലിയ അപമാനവുമാണെന്ന് ശബരീനാഥൻ കുറ്റപ്പെടുത്തി. സുഗതന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരും ദിവസങ്ങളിൽ കൗൺസിലിൽ നിയമപരമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്ന അപൂർവ്വ സംഭവത്തിനാണ് വിയ്യൂർ ജയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. നാളെ രാവിലെ 11 മണിക്ക് ജയിലിൽ വെച്ച് സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കാനും അക്രഡിറ്റേഷനുള്ള പരിമിതമായി മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം തീരുമാനങ്ങൾ കോടതിക്ക് എടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻപ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി പ്രതിജ്ഞ അസാധുവാക്കിയ ജനപ്രതിനിധികളിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.