Home » Blog » Kerala » സിലിണ്ടർ കിട്ടാനില്ല, വിറകിന് പൊന്നുംവില; ഇരട്ടി പ്രഹരത്തിൽ സാധാരണക്കാർ
firewood-680x450

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ബദൽ ഇന്ധനമായ വിറകിന് ആവശ്യകത വർദ്ധിക്കുകയും വില കുത്തനെ ഉയരുകയും ചെയ്തു. ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വിറകിലേക്ക് മാറിയതോടെ വിപണിയിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കൂടുതൽ നേരം കനൽ നിൽക്കുന്ന വാളമ്പുളി വിറകിനാണ് ആവശ്യക്കാർ ഏറെയുള്ളത്. നേരത്തെ പത്ത് കിലോയ്ക്ക് 60 രൂപയായിരുന്ന വാളമ്പുളി വിറകിന് നിലവിൽ 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

ഹോട്ടലുകളിലേക്ക് വിറക് വൻതോതിൽ എത്തുന്നതോടെ വീടുകളിലേക്കുള്ള ലഭ്യതയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗ്യാസ് വിതരണം സാധാരണ നിലയിലായില്ലെങ്കിൽ മഴക്കാലം എത്തുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. അതേസമയം, വിറക് പൊളിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായത് വ്യാപാരികൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്. മണിക്കൂറിന് 700 രൂപ നിരക്കിലാണ് ഇത്തരം യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാകുന്നത്.