വായ്പകളും ക്രെഡിറ്റ് കാർഡുകളും എളുപ്പത്തിൽ ലഭിക്കുന്നതിൽ സിബിൽ സ്കോറിന് വലിയ പങ്കുണ്ട്. വീട്, കാർ അല്ലെങ്കിൽ വ്യക്തിഗത വായ്പകൾക്കായി അപേക്ഷിക്കുമ്പോൾ ബാങ്കുകൾ ആദ്യം പരിശോധിക്കുന്നത് ഈ സ്കോറാണ്. വായ്പാ യോഗ്യതയെ സൂചിപ്പിക്കുന്ന 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. മുൻകാലങ്ങളിലെ വായ്പാ തിരിച്ചടവ് ചരിത്രത്തെ അടിസ്ഥാനമാക്കി ട്രാൻസ് യൂണിയൻ സിബിലാണ് ഇത് തയ്യാറാക്കുന്നത്. പൊതുവേ 750-ൽ കൂടുതലുള്ള സ്കോർ നല്ലതായി കണക്കാക്കപ്പെടുന്നുവെങ്കിലും 800-ന് മുകളിലുള്ള സ്കോറുകൾ മികച്ച വ്യവസ്ഥകളിൽ വായ്പകൾ സ്വന്തമാക്കാൻ സഹായിക്കും.
ഇഎംഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ വൈകുകയോ മുടങ്ങുകയോ ചെയ്യുമ്പോഴാണ് സിബിൽ സ്കോർ പ്രധാനമായും കുറയുന്നത്. കൂടാതെ, ക്രെഡിറ്റ് കാർഡ് പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ഉപയോഗിക്കുന്നതും, കുറഞ്ഞ കാലയളവിനുള്ളിൽ ഒന്നിലധികം വായ്പകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുന്നതും സ്കോറിനെ പ്രതികൂലമായി ബാധിക്കും. വായ്പ തിരിച്ചടയ്ക്കുന്നതിൽ വരുത്തുന്ന വീഴ്ചകളും, മുഴുവൻ തുകയും അടച്ചുതീർക്കാതെ ‘സെറ്റിൽമെന്റ്’ രീതി തിരഞ്ഞെടുക്കുന്നതും, ക്രെഡിറ്റ് റിപ്പോർട്ടിൽ വരുന്ന തെറ്റായ വിവരങ്ങളും സ്കോർ കുറയാൻ ഇടയാക്കുന്ന മറ്റ് പ്രധാന കാരണങ്ങളാണ്.
ഈ സ്കോർ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും മുടങ്ങാതെ കൃത്യസമയത്ത് അടയ്ക്കാൻ ശ്രദ്ധിക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗം മൊത്തം പരിധിയുടെ 30 ശതമാനത്തിൽ താഴെയായി നിർത്തുന്നതും, അത്യാവശ്യമില്ലെങ്കിൽ ഒരേസമയം പല ലോണുകൾക്കും അപേക്ഷിക്കാതിരിക്കുന്നതും നല്ലതാണ്. ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും എന്തെങ്കിലും പിശകുകൾ കണ്ടാല് ഉടൻ തിരുത്താൻ നടപടി സ്വീകരിക്കുകയും ചെയ്യുന്നത് വഴി സ്കോർ ഘട്ടംഘട്ടമായി ഉയർത്തിയെടുക്കാൻ സാധിക്കും.
സിബിൽ സ്കോർ 750-ൽ താഴെയാണെങ്കിലും പല ബാങ്കുകളും എൻ.ബി.എഫ്.സികളും വായ്പ നൽകാൻ തയ്യാറാകാറുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്ക്, കുറഞ്ഞ വായ്പ തുക, കർശനമായ നിബന്ധനകൾ എന്നിവ നേരിടേണ്ടി വന്നേക്കാം. വ്യക്തിയുടെ വരുമാനവും തിരിച്ചടവ് ശേഷിയും കൂടി കണക്കിലെടുത്തായിരിക്കും ബാങ്കുകൾ ഈ ഘട്ടത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
