
കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി ഇപ്പോൾ സിപിഐക്കാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയുടെ ഭാഷയിലും ശരീരഭാഷയിലും ഒരു പ്രത്യേക ശുദ്ധിയുണ്ടെന്നും അത് നഷ്ടപ്പെടാതിരിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു.
“സിപിഐയുടെ ശരീരഭാഷയൊക്കെ എനിക്ക് വളരെ സ്വീകാര്യമാണ്. ഒരു ശുദ്ധിയുണ്ട് അതിൽ. അത് നഷ്ടപ്പെടാതിരിക്കട്ടെ. സിപിഎമ്മിനും പണ്ട് അതുണ്ടായിരുന്നു. എന്നാൽ, പാർട്ടി വലുതായതോടെ അത് നഷ്ടപ്പെട്ടു,” എം. മുകുന്ദൻ പറഞ്ഞു. പ്രത്യേകിച്ച് അടുത്തകാലത്തെ സിപിഐയുടെ നിലപാടുകളും പിഎം ശ്രീ പോലുള്ള വിഷയങ്ങളിലെ സമീപനവും തനിക്ക് സ്വീകാര്യമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് സിപിഎമ്മിനും ഇതേ ആദർശശുദ്ധിയുണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടി വലുതായതോടെയാണ് അത് കുറച്ചൊക്കെ നഷ്ടപ്പെട്ടതെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു. “ഒന്നും വലുതാകാൻ പാടില്ല. വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്. എല്ലാവരും അങ്ങനെയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ഇത് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും നേതാക്കൾക്കും ബാധകമാണെന്നാണ് മുകുന്ദന്റെ വിലയിരുത്തൽ. ചെറുതായിരിക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകില്ലെന്നും വലുതാകുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നുമുള്ള തന്റെ അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്. സിപിഐയുടെ ഇപ്പോഴത്തെ നിലപാടുകളിലെ ശുദ്ധി തുടർന്നും നിലനിൽക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
