Home » Blog » Kerala » സിനിമ ഉഗ്രൻ, പക്ഷെ അപ്പയാണ് എന്റെ ഹീറോ; ‘പ്രതിച്ഛായ’യെ കുറിച്ച് ചാണ്ടി ഉമ്മൻ.
images - 2026-03-28T173753.653

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവ്വഹിച്ച ‘പ്രതിച്ഛായ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. കേരള രാഷ്ട്രീയത്തിലെ നിർണ്ണായക സംഭവവികാസങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന മുഖ്യമന്ത്രി കെ.എൻ. വർഗ്ഗീസിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടിറങ്ങിയ ചാണ്ടി ഉമ്മൻ എം.എൽ.എ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.

 

സിനിമയ്ക്ക് മികച്ച ഒറിജിനാലിറ്റി ഉണ്ടെന്നും ഇതൊരു മികച്ച ഫിലിമി ക്രിയേഷൻ ആണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. “മികച്ചൊരു പടം തന്നെയാണ്. നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷൻ ആയി ഇതിനെ കാണാം. എങ്കിലും ഇതൊരു ഫിക്ഷനാണ്, അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സായ് കുമാർ, ഹരിശ്രീ അശോകൻ, ആൻ അഗസ്റ്റിൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം രാഷ്ട്രീയത്തിനപ്പുറം ഒരു മികച്ച സിനിമാനുഭവമായാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.