കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിലൂടെ ആറു വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷകള്‍ എഴുതാന്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി. ഒരാള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയും അഞ്ചുപേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതാനാണ് അനുമതി. പഠിച്ച സ്കൂളില്‍നിന്ന് മറ്റൊരു സ്കൂളിലേക്ക് ടി സി വാങ്ങി എത്തിയെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഈ വര്‍ഷം പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഒരു കുട്ടി സി.ഡബ്ല്യൂ.സിയെ സമീപിച്ചത്. വിഷയം പരിശോധിച്ച സര്‍ക്കാര്‍ കുട്ടിക്ക് പുതിയ സ്കൂളില്‍ പ്രവേശനം നല്‍കാനും സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും അനുവാദം നല്‍കുകയായിരുന്നു.
ഹാജര്‍ കുറഞ്ഞതിനാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റു വിദ്യാര്‍ഥികള്‍ സി.ഡബ്ല്യൂ.സിയെ സമീപിച്ചത്. വിഷയത്തില്‍ സ്കൂള്‍ അധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. പരീക്ഷ എഴുതാന്‍ പ്രത്യേക അനുവാദം ലഭിച്ച ആറു വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളാണ്.
