തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ നെടുംതൂൺ സഞ്ജു സാംസണിനെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മംഗലപുരത്ത് നിർമിച്ച പുതിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സഞ്ജു സാംസണിനു മുഖ്യമന്ത്രി കെസിഎയുടെ ആദരമായി ഗോൾഡൻ ബാറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് കേരളം നൽകിയ ഈടുറ്റ സംഭാവനയാണ് സഞ്ജുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ആദരിക്കൽ വേദിയിൽ മുതിർന്നവരോടുള്ള സഞ്ജുവിന്റെ പെരുമാറ്റത്തിന് സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹമാണ്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തായിരുന്നു സഞ്ജുവിന്റെ ഇരിപ്പിടം. പരിപാടി തുടങ്ങി അൽപസമയത്തിനകം, സഞ്ജുവിനു കുടിക്കാൻ ശീതളപാനീയം നൽകി. തനിക്ക് ഗ്ലാസിൽ ശീതള പാനീയവുമായി എത്തിയ യുവതിയോട്, മുഖ്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുടർന്ന് യുവതി മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം വേണ്ടായെന്നു പറഞ്ഞു.
കൂടാതെ സഞ്ജു തന്നെ മുഖ്യമന്ത്രിക്കു നേരേ ഗ്ലാസ് നീട്ടിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വേണ്ടായെന്നും സഞ്ജുവിനോടു കുടിച്ചോളാൻ പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സഞ്ജുവിന് പ്രശംസിച്ച് ഒട്ടേറെ കമന്റുകളെത്തി. മുതിർന്നവരോട് സഞ്ജുവിനുള്ള ബഹുമാനമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.
ഇതിനുശേഷം പ്രസംഗ സമയത്തും സഞ്ജുവിന്റെ പെരുമാറ്റ രീതിക്ക് ആരാധകർ കയ്യടിച്ചു. പ്രസംഗം അൽപം നീണ്ടപ്പോൾ, ‘‘സാറെ..കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?’’ എന്ന് മുഖ്യമന്ത്രിയോട് സഞ്ജു ചോദിച്ചു. ഇതിനുശേഷം ചിരിച്ചുകൊണ്ട് പ്രസംഗം തുടരുകയും ചെയ്തു.
https://www.instagram.com/reel/DV84wJuE8sC/?utm_source=ig_web_copy_link
ചടങ്ങിനു മുന്നോടിയായി രാജ്ഭവനിലും ക്ലിഫ് ഹൗസിലും സഞ്ജു എത്തിയിരുന്നു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സഞ്ജുവിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കസവുമുണ്ടും സച്ചിൻ തെൻഡുൽക്കറുടെ ആത്മകഥയും സമ്മാനമായി നൽകി. ക്ലിഫ് ഹൗസിൽ ബൊക്കെ നൽകിയാണ് സഞ്ജുവിനെ മുഖ്യമന്ത്രി ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളടക്കം ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.
