Home » Blog » crime » സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരൻ; വിചാരണക്കോടതി വിധി റദ്ദാക്കി ബോംബെ ഹൈക്കോടതി
10

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി. 2021 ല്‍ വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ടു പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കേസില്‍ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പൂര്‍ണ്ണമായി അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് നീല ഗോഖലെ, ജസ്റ്റിസ് അമിത് സംദെക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

വിധി പ്രസ്താവന സമയത്ത് കോടതിയില്‍ നേരിട്ട് ഹാജരായിരുന്ന തരുണ്‍ തേജ്പാലിനെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തു. തേജ്പാലിനുള്ള ശിക്ഷ വിധിന്യായത്തിന് ശേഷം പ്രത്യേകം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2013 നവംബറില്‍ ഗോവയില്‍ വെച്ച് നടന്ന മാധ്യമ സമ്മേളനത്തിനിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. കേസില്‍ 2021 മേയില്‍ മാപുസ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വിധി അതിജീവിച്ചയാളുടെ പെരുമാറ്റത്തെ തെറ്റായ മുന്‍വിധികളോടെ അളന്നതാണെന്നും നിയമപരമായ വശങ്ങള്‍ അവഗണിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഗോവ അഡ്വക്കറ്റ് ജനറല്‍ ദേവിദാസ് പങ്കവും ഹൈക്കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചു. അതിക്രമത്തിന് ഇരയായ വ്യക്തിയുടെ പ്രതികരണ രീതികളെ മാത്രം ആസ്പദമാക്കി പ്രതിക്ക് അനുകൂലമായി വിചാരണക്കോടതി നിഗമനത്തിലെത്തിയത് വലിയ പിഴവാണെന്ന് സര്‍ക്കാരിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഈ വാദങ്ങള്‍ പൂര്‍ണ്ണമായും ശരിവെച്ചാണ് വിചാരണക്കോടതി വിധി തള്ളുകയും തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തത്.