Home » Blog » Kerala » സഹകരണ സംഘങ്ങളെ മികച്ച തലത്തിലേക്ക് വളർത്താൻ കഴിഞ്ഞതായി മന്ത്രി വി എൻ വാസവൻ
images (24)

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന മികച്ച തലത്തിലേക്ക് വളർത്താൻ കഴിഞ്ഞതായി സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സംസ്ഥാനതല ധനസഹായ വിതരണോദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

1969-ൽ രൂപീകരിച്ച സമയത്ത് നാമമാത്രമായ തുക മാത്രം കൈകാര്യം ചെയ്തിരുന്ന പ്രാഥമിക സംഘങ്ങൾ ഇന്ന് 1600 കോടിയിലധികം രൂപ കൈകാര്യം ചെയ്യുന്ന വലിയ പ്രസ്ഥാനങ്ങളായി മാറി. സാമ്പത്തിക രംഗത്ത് ഇത്രയും വലിയ മാറ്റങ്ങൾ ഉണ്ടായതുകൊണ്ടാണ് ക്രയവിക്രയങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ സഹകരണ നിയമത്തിൽ 57-ാമത് ഭേദഗതിയും ചട്ടങ്ങളും സർക്കാർ കൊണ്ടുവന്നത്.

കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി ഉയർന്നുവന്നപ്പോൾ സഹകരണ വകുപ്പ് സജീവമായി ഇടപെട്ടു. വെൽഫെയർ ബോർഡിന്റെയും കേരള ബാങ്കിന്റെയും സഹായത്തോടെ പ്രത്യേക കൺസോർഷ്യം രൂപീകരിച്ച്, 170 കോടി രൂപ നിക്ഷേപകർക്ക് ചുരുങ്ങിയ കാലം കൊണ്ട് തിരികെ നൽകാൻ കഴിഞ്ഞു. കൂട്ടായ പരിശ്രമം ഉണ്ടായാൽ സഹകരണ സംഘങ്ങളെ സംരക്ഷിച്ചെടുക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ നേട്ടം.

പ്രതിസന്ധി നേരിടുന്ന സംഘങ്ങളെ സഹായിക്കാൻ സർക്കാർ രണ്ട് പ്രധാന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ ആദ്യത്തേത് പുതുക്കിയ നിക്ഷേപ ഗ്യാരന്റി സ്‌കീമാണ്. നേരത്തെ ഒരു ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുന്ന ഘട്ടത്തിൽ മാത്രം 2 ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പരമാവധി 10 ലക്ഷം രൂപ വരെ നിക്ഷേപകർക്ക് നൽകാൻ സാധിക്കും. രണ്ടാമത്തെ പദ്ധതിയായ പുനരുദ്ധാരണ നിധിയിൽ നിന്നുള്ള സഹായമാണ് ഇന്നിവിടെ വിതരണം ചെയ്തത്. കാർഷിക അടിസ്ഥാനസൗകര്യ ഫണ്ട്, വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയുടെ ബാക്കി വരുന്ന തുകകൾ കേരളാ ബാങ്കിൽ സമാഹരിച്ചാണ് പുനരുദ്ധാരണ നിധി രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുനരുദ്ധാരണ നിധിയിൽ നിന്നും സഹായം ലഭിക്കുന്ന ബാങ്കുകൾ ആ തുക ഉപയോഗിച്ച് സ്വർണ്ണപ്പണയം, ചെറുകിട വായ്പകൾ തുടങ്ങിയ ബിസിനസുകൾ ആരംഭിച്ച് പ്രവർത്തനക്ഷമമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വരവൂർ സർവീസ് സഹകരണ ബാങ്ക് (10 കോടി രൂപ), കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് സഹകരണ സംഘം (6 കോടി രൂപ), പത്തനംതിട്ട വലിയകുളം സർവീസ് സഹകരണ ബാങ്ക് (5 കോടി രൂപ), തേക്കുതോട് സർവീസ് സഹകരണ ബാങ്ക് (7 കോടി രൂപ), ചെങ്ങരൂർ സർവ്വീസ് സഹകരണ ബാങ്ക് (2 കോടി രൂപ), കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് (5.32 കോടി രൂപ) എന്നിവയ്ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു.

വനിതാഫെഡ് വഴി സൂതികാമിത്രം പരിശീലനം പൂർത്തിയാക്കിയ 37 വനിതകൾക്കുള്ള സർട്ടിഫിക്കറ്റും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ മാധവൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്‌സൺ കോലിയക്കോട് എൻ കൃഷ്ണൻ നായർ, വനിത ഫെഡ് പ്രസിഡന്റ് ശ്രീജ കെ, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സജി തുടങ്ങിയവർ പങ്കെടുത്തു.