3_48

സമൂഹത്തില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന വിധത്തില്‍ വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം, മാനസിക വളര്‍ച്ച, വ്യക്തിത്വ വികാസം എന്നിവയെ കാര്യമായി ബാധിക്കുന്നതായി അധ്യക്ഷ ചൂണ്ടക്കാട്ടി. ഇത് സംബന്ധിച്ച ബോധവത്കരണങ്ങള്‍ താഴെ തലത്തില്‍ നടത്തുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇവരുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അധ്യക്ഷ പറഞ്ഞു.

ഗാര്‍ഹിക ചുറ്റുപാട്, തൊഴിലിടങ്ങള്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂള്‍ അധ്യാപികമാരുടെ പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷനു കൂടുതലായും ലഭിച്ചത്. പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കാന്‍ എന്ന പേരില്‍ പണം പിരിച്ചെടുത്ത ശേഷം അടയ്ക്കാതിരിക്കുകയും വേതനം കൃത്യമായി നല്‍കാതിരിക്കുകയും ചെയ്ത് ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നു എന്ന് ചില സ്ഥാപനങ്ങള്‍ക്കെതിരെ ലഭിച്ച പരാതികളും കമ്മീഷന്‍ പരിശോധിക്കുന്നതായി അധ്യക്ഷ പറഞ്ഞു.

സിറ്റിംഗില്‍ ആകെ പരിഗണിച്ച 67 പരാതികളില്‍ 10 എണ്ണം തീര്‍പ്പാക്കി. നാല് പരാതികളില്‍ കൗണ്‍സിലിങ്ങിനായി കൈമാറി. 53 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. മൂന്ന് പുതിയ പരാതികള്‍ ലഭിച്ചു.

വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ റീന, ജമിന്‍ കൗണ്‍സലര്‍മാരായ അവിന, സുധിന, സബിന എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *