കോട്ടയം: പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. എന്നാൽ ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് വ്യക്തമല്ലെന്നും, മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ വോട്ടുചോദിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ബിഷപ്പ് മറുപടി നൽകി. രഹസ്യമായി വോട്ടു ചോദിച്ചുവെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പരസ്യമായി തന്നെ വോട്ടു ചോദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി. ഭരണഘടന അനുവാദം നൽകുന്ന കാര്യമാണിതെന്നും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് വോട്ട് ചോദിക്കാൻ ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാർക്കും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
