Home » Blog » Kerala » സഭയിൽ ഇന്നും പ്രതിഷേധം കനക്കും; അമിത് ഷായുടെ പ്രസ്താവനയ്ക്കായി ഉറച്ചുനിന്ന് പ്രതിപക്ഷ കക്ഷികൾ
rahulkhandi-680x450

ഡല്‍ഹിയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കും. രാജ്യസഭയില്‍ നടന്ന പരീക്ഷാ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെയും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആര്‍എ അടക്കമുള്ള വരാനിരിക്കുന്ന ബില്ലുകളിലും ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ നീക്കം.

ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നുവെങ്കിലും, രാജ്യസഭയില്‍ മല്ലികാർജുൻ ഖാര്‍ഗെ അടക്കമുള്ളവരുടെ ചര്‍ച്ചയ്ക്കിടെ വലിയ ബഹളമാണ് അരങ്ങേറിയത്. തുടര്‍ന്ന് ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാല്‍ ഡിഎംകെ സഭ ബഹിഷ്കരിക്കാതെ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പരീക്ഷാ ഭേദഗതി ബില്ല് പാസാക്കിയത്. ഈ ബില്ല് പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രശംസിക്കുകയും ചെയ്തു

അതിനിടെ, കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ആലോചനകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അടുത്തയാഴ്ച ചില പ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ എഫ്സിആര്‍എ ബില്ലും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, മണ്ഡല പുനര്‍നിർണയത്തിനും വനിതാ സംവരണത്തിനുമുള്ള ബില്ലുകള്‍ സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുമോ എന്നതും നിർണ്ണായകമാണ്. എങ്കിലും, ഡിഎംകെയുമായി ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ മാത്രമേ ഇത്തരം പ്രധാന ബില്ലുകള്‍ സുഗമമായി പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കൂ.