കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ചും സന്തോഷം പങ്കുവെച്ചും സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ ‘സന്ദേശം’ എന്ന സിനിമ സതീശന്റെ രാഷ്ട്രീയ ജീവിതത്തിൽ സ്വാധീനം ചെലുത്തിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും സത്യൻ അന്തിക്കാട് കുറിച്ചു.
‘സന്ദേശം’ സിനിമ മുന്നോട്ടുവെച്ച രാഷ്ട്രീയ ബോധ്യം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. സിനിമയിലെ സന്ദേശം ജീവിതത്തിൽ പകർത്തിയ അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണ് സതീശനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സന്തോഷം പങ്കുവെക്കാൻ സിനിമയുടെ തിരക്കഥാകൃത്തായ ശ്രീനിവാസൻ ഒപ്പമില്ലെന്നത് ചെറിയ സങ്കടമല്ലെന്നും അദ്ദേഹം കുറിച്ചു. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഇഷ്ടമുണ്ടെങ്കിലും സതീശന്റെ നിലപാടുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
