ദുബായ്: വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആവേശം ദുബായിലും ആഘോഷമാക്കി കോൺഗ്രസ് അനുഭാവികൾ. ഇതിന്റെ ഭാഗമായി “സതീശൻ” എന്ന് പേരുള്ളവർക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ശ്രദ്ധ നേടുകയാണ് ദുബായ് അൽകൂസിലെ വൈഡ് റേഞ്ച് റെസ്റ്റോറന്റ്. തിരുവനന്തപുരം സ്വദേശിയും കോൺഗ്രസ് സഹചാരിയുമായ വ്യവസായി ബഷീറാണ് ഈ റെസ്റ്റോറന്റിന്റെ ഉടമ. വി.ഡി. സതീശനോടുള്ള രാഷ്ട്രീയ പിന്തുണയും അദ്ദേഹം മുഖ്യമന്ത്രിയാകുന്ന സന്തോഷവും പങ്കുവെക്കാനാണ് വ്യത്യസ്തമായ ഈ ഓഫർ പ്രഖ്യാപിച്ചതെന്ന് റെസ്റ്റോറന്റ് അധികൃതർ പറയുന്നു.
‘സതീശൻ’ ഫസ്റ്റ് നെയിമായിരിക്കണമെന്നില്ല; ഐഡി കാർഡിൽ പേരിന്റെ ഏതെങ്കിലും ഭാഗത്ത് ‘സതീശൻ’ എന്നുള്ള എല്ലാവർക്കും ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 3 മണിവരെ സൗജന്യമായി ഊണ് നൽകും. റെസ്റ്റോറന്റിന്റെ നാല് ബ്രാഞ്ചുകളിലും ഓഫർ ലഭ്യമാണെന്നും ജീവനക്കാർ അറിയിച്ചു.
രാഷ്ട്രീയ നേതാക്കളുടെ വിജയങ്ങളും സ്ഥാനാരോഹണങ്ങളും അനുബന്ധിച്ച് വിവിധ രീതിയിലുള്ള ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും, പേരിന്റെ അടിസ്ഥാനത്തിൽ ‘സൗജന്യ ഉച്ചയൂണ്’ പ്രഖ്യാപിച്ചതാണ് ഈ ഓഫറിനെ കൂടുതൽ കൗതുകകരമാക്കുന്നത്.
