Home » Blog » Kerala » സഞ്ജുവിന് ഒരവസരം കൂടി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായേക്കും
sanju-samson-680x450

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് മലയാളി താരം സഞ്ജു സാംസണ് തന്റെ ബാറ്റിംഗ് കരുത്ത് തെളിയിക്കാൻ ഒരു സുവർണ്ണാവസരം കൂടി ലഭിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏക സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ഈ നിർണ്ണായക പോരാട്ടം നടക്കുന്നത്.

സന്നാഹ മത്സരങ്ങൾക്ക് ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര പദവി ഇല്ലാത്തതിനാൽ ടീമിലെ 15 പേരെയും സാഹചര്യത്തിനനുസരിച്ച് പരീക്ഷിക്കാൻ ഇന്ത്യക്ക് സാധിക്കും. നിലവിൽ ഇഷാൻ കിഷൻ മികച്ച ഫോമിലുണ്ടെങ്കിലും, ടോപ് ഓർഡറിൽ കൂടുതൽ ഇടംകൈയന്മാർ വരുന്നത് ഒഴിവാക്കാൻ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിച്ച് ഫോമിലേക്ക് തിരികെ എത്തിക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

ഈ മത്സരത്തിൽ തിളങ്ങാനായാൽ സഞ്ജുവിന് ലോകകപ്പ് പ്ലേയിംഗ് ഇലവനിലേക്കുള്ള വഴി എളുപ്പമാകും. എന്നാൽ ഈ അവസരം കൂടി പാഴാക്കിയാൽ സഞ്ജുവിന് ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നേക്കാം. ഈ മാസം ഏഴിന് കൊളംബോയിൽ നടക്കുന്ന പാകിസ്ഥാൻ-നെതർലൻഡ്‌സ് മത്സരത്തോടെയാണ് ലോകകപ്പ് ആവേശത്തിന് തുടക്കമാകുന്നത്. ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പോരാട്ടം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെയാണ്.