ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ. ഈ പ്രത്യേക ദിനത്തിൽ ആശംസകളുമായി ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ്. ഐപിഎൽ അടുത്ത സീസണിൽ സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് ടീമിന്റെ ഈ പിറന്നാൾ പോസ്റ്റ്.
“സഞ്ജു, താങ്കൾക്ക് കൂടുതൽ കരുത്തുണ്ടാവട്ടെ. താങ്കൾക്ക് ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു,” എന്ന് കുറിച്ചുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്‌സിക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം ചെന്നൈ സൂപ്പർ കിങ്‌സ് പങ്കുവെച്ചു.
ആശംസകളുമായി രാജസ്ഥാൻ റോയൽസും ബിസിസിഐയും
സഞ്ജുവിന്റെ നിലവിലെ ടീമായ രാജസ്ഥാൻ റോയൽസ് ഇന്നലെ രാത്രി 12 മണിക്ക് തന്നെ താരത്തിന് ജന്മദിനാശംസകൾ അറിയിച്ചിരുന്നു. ‘ഹാപ്പി ബർത്തഡേ ചേട്ടാ’ എന്നായിരുന്നു രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റ്. ഇതിനുപുറമെ, ബിസിസിഐയും സഞ്ജുവിന് ആശംസകളറിയിച്ചു. ‘ഐസിസി ട്വന്റി 20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും ചാംപ്യനായ താരം. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് പിറന്നാൾ ആശംസകൾ’ എന്ന് ബിസിസിഐ പോസ്റ്റ് ചെയ്തു.
ട്രേഡ് വാർത്തകൾ
അതിനിടെ, ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് എത്തുമെന്ന വാർത്തകൾക്ക് ശക്തിയേകി ക്രിക്‌ബസ് റിപ്പോർട്ട് പുറത്തുവന്നു. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങളെ രാജസ്ഥാൻ റോയൽസിലേക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
