ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ഓപ്പണറായി ഇറങ്ങി ശുഭ്മാൻ ഗിൽ വീണ്ടും പരാജയപ്പെട്ടതോടെ ആരാധകർ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. കട്ടക്കിൽ നടന്ന പോരാട്ടത്തിൽ അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനിറങ്ങിയ ഗിൽ, വെറും രണ്ട് പന്തിൽ നാല് റൺസ് മാത്രം നേടിയാണ് മടങ്ങിയത്.
ഗിൽ ടീമിൽ തിരിച്ചെത്തിയതോടെ മലയാളി വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണ് അന്തിമ ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തി ഗില്ലിന് വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരെയാണ് ഇപ്പോൾ ആരാധകർ കടുത്ത വിമർശനം ഉയർത്തുന്നത്.
‘മാഗി’ താരമായി ഗിൽ
ഗില്ലിൻ്റെ ബാറ്റിങ്ങിനെ കളിയാക്കാൻ ഒരു ആരാധകൻ മാഗി ഉണ്ടാക്കുന്ന പ്രക്രിയയുമായാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. നാല് ലളിതമായ സ്റ്റെപ്പിൽ മാഗിയുണ്ടാക്കാം എന്ന പോസ്റ്റ്, ഗിൽ എത്ര വേഗത്തിൽ പുറത്തായി എന്നതിനെ സൂചിപ്പിക്കുന്നു. ഈ ‘മാഗി ട്രോൾ’ നിമിഷങ്ങൾക്കകം വൈറലായി. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ താരങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ അവസരവും പിന്തുണയും ഗില്ലിന് നൽകുന്നതിൽ സെലക്ടർമാർക്കെതിരെയും വിമർശനം ശക്തമാകുന്നുണ്ട്.
