ഈ മാസം നവംബർ 14 മുതൽ 23 വരെ ഖത്തറിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ് ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുന്നത്. എന്നാൽ, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായ തീരുമാനമായി. വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ, സെലക്ഷൻ കമ്മിറ്റി സഞ്ജുവിന് പകരം ജിതേഷിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പിലൂടെ നൽകുന്നത്.
പതിനാലുകാരനായ കൗമാര താരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാൻഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണർ. രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ നയിക്കുന്ന നമാൻ ധിർ ആണ് വൈസ് ക്യാപ്റ്റൻ. മുംബൈ താരം സൂര്യാൻഷ് ഷെഡ്ഗെ, നെഹാൽ വധേര, രമൺദീപ് സിംഗ് എന്നിവരും ടീമിൽ ഇടം നേടി. ജിതേഷ് ശർമ്മയ്ക്ക് പുറമെ, അഭിഷേക് പോറെൽ ആണ് ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ. കൂടാതെ അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനും യുഎഇയും പാകിസ്ഥാൻ ‘എ’ ടീമും ഉൾപ്പെടുന്ന ഗ്രൂപ്പ് ‘ബി’യിലാണ് ഇന്ത്യൻ ടീം മത്സരിക്കുന്നത്. നവംബർ 14-ന് യുഎഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ചിരവൈരികളായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം 16-ന് നടക്കും. 18-ന് ഒമാനെ നേരിടുന്ന ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ 21-നും ഫൈനൽ 23-നും നടക്കും.
റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ എ ടീം
പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജപ്നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ്മ, യുദ്ധ്വീര്‍ സിംഗ് ചരക്.
സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിംഗ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്വി, ഷെയ്ക് റഷീദ്.
