തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ വിതരണത്തിനായി ആകെ 1,095 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. ഇതിനുപുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. അടുത്ത മാസം മൂന്നാം തീയതിക്കകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
അതേസമയം, പെൻഷൻ മുടങ്ങാതെ നൽകുന്നതിനായി മുൻ സർക്കാർ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. 9 ശതമാനം പലിശ നിരക്കിൽ 3,000 കോടി രൂപ സമാഹരിക്കാനായിരുന്നു കൺസോർഷ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും 1,325 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. സർക്കാരിൽ നിന്ന് തുക തിരികെ ലഭിക്കാൻ താമസമെടുക്കുന്നതായി കാണിച്ച് സംഘങ്ങൾ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് ഈ നടപടി.
