തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഈ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെയും തീരങ്ങളിൽ ജാഗ്രത പാലിക്കണം. തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിലും കടലാക്രമണ സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും ചൊവ്വാഴ്ച രാത്രി 11.30 വരെ ജാഗ്രതാ നിർദേശം നിലവിലുണ്ട്. ഇവിടെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
