Home » Blog » Kerala » സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി മുടങ്ങും
24

തിരുവനന്തപുരം : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാന്‍‍സ്ഫോര്‍‍മറിന്റെ തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് കെഎസ്ഇബി. അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്നു (ചൊവ്വാ) മുതല്‍ ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായും കെഎസ്ഇബി അറിയിച്ചു.

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് അഥവാ പവർഗ്രിഡ് എന്നത് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി ട്രാൻസ്മിഷൻ സ്ഥാപനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ഉയർന്ന വോൾട്ടേജിലുള്ള ട്രാൻസ്മിഷൻ ലൈനുകൾ വഴി സംസ്ഥാനങ്ങളിലേക്കും വലിയ സബ്സ്റ്റേഷനുകളിലേക്കും എത്തിക്കുന്നതാണു പ്രധാന ചുമതല.

കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങൾ ഈ വൈദ്യുതി വീടുകളിലേക്കും കടകളിലേക്കും വിതരണം ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുന്നത് പവർഗ്രിഡിന്റെ ട്രാൻസ്മിഷൻ ശൃംഖലയിലൂടെയാണ്. 400 കെവി, 765 കെവി പോലുള്ള ഉയർന്ന ശേഷിയുള്ള സബ്സ്റ്റേഷനുകളും ടവറുകളും പവർഗ്രിഡിന്റെ ഭാഗമാണ്.